ജോലി ഭാരം മൂലം ലോകത്ത് പത്തില്‍ ഒരാള്‍ക്ക് ശ്വാസകോശ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണ്ടെത്തി. ‘അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് റെസ്പിറേറ്ററി ആന്റ് ക്രിട്ടിക്കല്‍ കെയര്‍’ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ജോലി സംബന്ധമായുള്ള പ്രശ്‌നങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്നതായി പറയുന്നത്. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പേ ശ്വാസകോശ രോഗങ്ങളും ജോലിസംബന്ധമായ അപകടങ്ങളും എന്ന വിഷയത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി പഠനം തുടങ്ങിയിരുന്നു. പുകപടലങ്ങള്‍, പൊടി, വാതകങ്ങള്‍, ബാഷ്പ മര്‍ദ്ദം എന്നിവ കൂടുതലുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
തൊഴിലിടത്തില്‍ നിന്നുണ്ടാവുന്ന അപകടകരമായ സാഹചര്യങ്ങള്‍ ആസ്മ മുതല്‍ ക്ലോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് വരെ സൃഷ്ടിക്കുന്നുണ്ട്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്ന തൊഴില്‍ ഘടകങ്ങള്‍ കണ്ടെത്താനുള്ള പഠനത്തിലാണ് ശാസ്ത്രജ്ഞര്‍. തൊഴില്‍ ഭാരം മൂലം 16 ശതമാനം ആളുകളില്‍ ആസ്മയും 14 ശതമാനം ക്ലോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസും, 10 ശതമാനം ന്യൂമോണിയയും 2 ശതമാനം ക്ഷയവും കണ്ടെത്തി. എന്നാല്‍ ജോലി ഭാരം മൂലം അര്‍ബുദം ഉണ്ടാവില്ല എന്നാണ് ഗവേഷകരുടെ നിഗമനം.


