നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍.
യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്കി തുടങ്ങിയേക്കും. ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. വിദേശ നിര്‍മ്മിത മരുന്നുകള്‍ ഉടനെ കേരളത്തില്‍ എത്തിക്കുമെന്നും ഇവ ഉപയോഗിക്കുന്നതിന് വേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് അറിയിച്ചിരിുന്നു.
നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസോലേഷന് വാര്‍ഡിലാണുള്ളത്. ഇയാളെ ഇവിടെ പരിചരിച്ച രണ്ട് നഴ്സിംഗ് ജീവനക്കാരേയും നിരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല. കളമശ്ശേരി മെഡി.കോളേജില്‍ തയ്യാറാക്കിയ ഐസോലേഷന് വാര്‍ഡില്‍ ആണ് രോഗലക്ഷണങ്ങളുള്ള അഞ്ച് പേരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ രോഗബാധിതനായ യുവാവിനെ നേരത്തെ പരിചരിച്ച മറ്റൊരു ആശുപത്രിയിലെ നഴ്സുമാരും ഇയാളുടെ സുഹൃത്തുകളും ഉള്‍പ്പെടും. കളമശ്ശേരി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടേയും സാംപിളുകള്‍ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും, മണിപ്പാല്‍ ആശുപത്രിയിലേക്കും, ആലപ്പുഴയിലെ വൈറോളജി ലാബിലേക്കുമാണ് സാംപിളുകള്‍ അയക്കും.
ഇതോടൊപ്പം തന്നെ നിപ വൈറസ് പ്രതിരോധ നടപടികളും ഒരു വശത്ത് മുന്നോട്ട് പോകുകയാണ്. വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല എന്നതാണ് നിലവില്‍ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. തൃശ്ശൂരിലും തൊടുപുഴയിലും ഇതിനോടകം വിശദമായ പരിശോധന ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും നടത്തി കഴിഞ്ഞു. നിപയുടെ ഉറവിടം അവിടെയല്ല എന്ന നിഗമനമാണ് ഇടുക്കി, തൃശ്ശൂര്‍ ഡിഎംഒമാര്‍ ആരോഗ്യവകുപ്പുമായി പങ്കുവയ്ക്കുന്നത്.
 
                
 
		






