ഇഫ്താര്‍ വിരുന്നൊരുക്കിയതില്‍ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന് ബിഹാറില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരെയാണ് ഗിരിരാജ് സിങ് രംഗത്ത് വന്നത്. എന്തുകൊണ്ട് ഇത്തരം ആഘോഷ പരിപാടികള്‍ ഹിന്ദു ഉത്സവമായ നവരാത്രിക്ക് നടത്തുന്നില്ല എന്ന് ഗിരിരാജ് സിങ് ചോദിച്ചു. നമ്മുടെ മതത്തിന്റെ ഉത്സവങ്ങള്‍ നടത്തുന്നതില്‍ എന്തുകൊണ്ട് നമ്മള് കുറവ് വരുത്തുന്നു എന്നും ഗിരിരാജ് സിങ് ചോദിച്ചു.
തിങ്കളാഴ്ചയാണ് രാം വിലാസ് പസ്വാന് ഇഫ്താര്‍ വിരുന്ന് നല്‍കിയത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും മറ്റ് ജെഡിയു നേതാക്കളും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. എന്‍ഡിഎ സഖ്യത്തിലുള്ള ജെഡിയു ബിജെപിയുമായി അസ്വാരസ്യത്തിലാണ്. ഇതിനിടയിലാണ് ബിജെപി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഇത്തരം പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിഹാറിലെ ബഗുസാരായി മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലെത്തിയ നേതാവാണ് ഗിരിരാജ് സിങ്. സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിനെയാണ് ഗിരിരാജ് സിങ് പരാജയപ്പെടുത്തിയത്.മുസ്ലീങ്ങള്‍ക്കെതിരെ ഇതിന് മുന്‍പും വര്‍ഗീയ പരാമര്‍ശം നടത്തിയ നേതാവാണ് ഗിരിരാജ് സിങ്. തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഗിരിരാജ് സിങിന് താക്കീത് നല്‍കിയിരുന്നു.