നിപ്പ ലക്ഷണങ്ങളുമായി ഒരാൾ കൂടി; സ്രവ സാംപിളുകള്‍ പുണെയിലേക്ക് അയ്ക്കും

നിപ്പയുടെ ലക്ഷണങ്ങളുമായി ഒരാളെ കൂടി കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിശദമായി പരിശോധനയ്ക്ക് രോഗിയുടെ സ്രവ സാംപിളുകള്‍ പുണെയിലേക്ക് അയ്ക്കും.ആശുപത്രിയിലുളള ആറുപേരുടെ സ്രവപരിശോധനാഫലം വ്യാഴാഴ്ച ലഭിക്കും. രോഗം സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്സുമാർ ഉൾപ്പടെയാണ് പനി ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

അതേസമയം, നിപ്പ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടു‌. യുവാവിന് ഇപ്പോള്‍ നേരിയ പനി മാത്രമേ ഉളളുവെന്ന് ആശുപത്രി അധിക‍ൃതര്‍ പറഞ്ഞു. രോഗി ഇപ്പോൾ ആഹാരം കഴിക്കുന്നുണ്ട്. പൂണെയിൽ നിന്ന് ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റി ബോഡീസ് കൊച്ചിയിലെത്തിച്ചെങ്കിലും ഈ മരുന്ന് ആര്‍ക്കും നിലവില്‍ നല്‍കേണ്ട സാഹചര്യമില്ല.