പ്രകാശന്‍ തമ്പി ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയതായി നിര്‍ണായക മൊഴി; ദുരൂഹതയേറുന്നു

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനു മുന്നില്‍ പുതിയ വെളിപ്പെടുത്തില്‍. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടെ ഉടമ ഷംനാദാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി തന്റെ കടയിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതായാണ് കടയുടമയുടെ വെളിപ്പെടുത്തല്‍.

പള്ളിമുക്കിലെ കടയില്‍നിന്ന് ബാലഭാസ്‌കറും കുടുംബവും രാത്രിയില്‍ കരിക്ക് കുടിക്കുകയും യാത്ര തുടരുകയും ചെയ്തിരുന്നു. കടയിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്ന കാലത്ത് പ്രകാശ് തമ്പി ജ്യൂസ് കടയിലെത്തുകയും സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടു പോകുകയും ചെയ്തതായാണ് കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. കാമറ സ്ഥാപിച്ച ജീവനക്കാര്‍ക്കൊപ്പമെത്തിയാണ് ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. ഇത് പിന്നീട് തിരികെ എത്തിച്ചതായും ഷംനാദ് മൊഴിനല്‍കിയിട്ടുണ്ട്.

പിന്നീട് കടയിലെ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരീഷ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍നിന്ന് തിരികെ വാങ്ങുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌കില്‍ എന്തെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടോ എന്ന കാര്യം ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകും.

അതേസമയം, തന്‍റെ കടയില്‍ പ്രകാശ് തമ്പി വന്നതായും ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയതായുമുള്ള മൊഴിയില്‍നിന്ന് കടയുടമ മലക്കംമറിഞ്ഞു. പ്രകാശ് തമ്പിയെ അറിയില്ലെന്നും കടയില്‍നിന്ന് ആരും ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടു പോയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രൈംബ്രാഞ്ചിന് അങ്ങനയൊരു മൊഴി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവദിവസം തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിച്ച ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ ഡ്രൈവറാണ് ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴിനല്‍കിയത്. വാഹനം ഓടിച്ചത് ആരെന്നത് സംബന്ധിച്ചുള്ള അവ്യക്തത നീക്കാന്‍ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമെന്നതിനാലാണ് ക്രൈംബ്രാഞ്ച് ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.