കേരളത്തില്‍ വര്‍ദ്ധിക്കുന്ന കര്‍ഷകാത്മഹത്യ; നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ്

കര്‍ഷക ആത്മഹത്യയില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാത്ത സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ ഐ.സി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്.

കേരളത്തില്‍ കടം തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികളുണ്ടാവുന്നതു മൂലം കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കേരളത്തില്‍ ഈ വര്‍ഷം ആകെ 15 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയം കാര്‍ഷികമേഖലയെ തകര്‍ത്തതും ഇതുമൂലം കര്‍ഷകര്‍ക്കുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്കു കാരണമെന്നും കൃഷിമന്ത്രി മറുപടിയില്‍ പറഞ്ഞു.

രണ്ടുലക്ഷം വരെയുള്ള വായ്പകളും വാണിജ്യ ബാങ്കുകളുടെ വായ്പകളും കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി സഭയെ അറിയിച്ചു. അതോടൊപ്പം 2019 ഡിസംബര്‍ 19 വരെ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയതായും മന്ത്രി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ 2003ലാണ് സഹകരണ ബാങ്കുകളെ സര്‍ഫാസി ആക്ടിന്റെ പരിധിയില്‍ കൊണ്ടുവന്നത് എന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ 2600 കര്‍ഷകര്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ജപ്തി നടപടികള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനുള്ള മറുപടിയായി സര്‍ഫാസി ആക്ടിന്റെ പരിധിയില്‍ നിന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കാമെന്ന തീരുമാനം ഭാവിയിലെടുക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.