കഴിഞ്ഞ വര്‍ഷം കേരളത്തെ ഒന്നടങ്കം ഇളക്കിമറിച്ച പ്രളയത്തെ അടിസ്ഥാനമാക്കി ജയരാജിൻ്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘രൗദ്രം 2018’ ജൂലൈയില്‍ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ തോമസ് ഫേസ്ബുക്കിലൂടെ പങ്കു വച്ചു.
ജയരാജിൻ്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം 2018. പ്രളയകാലത്ത് മധ്യ തിരുവിതാംകൂറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജയരാജ് തന്നെയാണ് ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, വരികള്‍ എന്നിവ എഴുതിയിരിക്കുന്നത്.
രഞ്ജി പണിക്കരും കെപിഎസി ലളിതയുമാണ് രൗദ്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സബിത ജയരാജ്, സരയു, ബിനു അപ്പന്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
പ്രകൃതി പിച്ചേഴ്‌സിന്റെ ബാനറില്‍ ഡോ, സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും സച്ചിന്‍ ശങ്കര്‍ മന്നത്ത് ചിത്രത്തിന് സംഗീതവും നിര്‍വഹിക്കുന്നു.
നിപ്പ വൈറസ് ആധാരമാക്കി രൗദ്രം ചെയ്യാനായിരുന്നു ജയരാജ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അതേ പ്രമേയത്തില്‍ ആഷിക് അബു ചിത്രം തുടങ്ങി വച്ചതോടെ ജയരാജ് അതില്‍ നിന്നും പിന്മാറുകയായിരുന്നു.