പി.വി. അന്‍വർ: തടയണ പൊളിക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തടയണയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഹൈകോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം തടയണ പൊളിച്ചു നീക്കണമെന്ന് കോടതി ഉത്തരവിട്ടു. തടയണ പൊളിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ തടയണ പൊളിച്ചുമാറ്റണമെന്ന മുന്‍ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. തടയണയുടെ ഉടമ ഉത്തരവ് പാലിച്ചില്ലെങ്കില്‍ തടയണ സര്‍ക്കാര്‍ പൊളിക്കണം. ഇനിയൊരു ദുരന്തം വരാനിടയാകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തടയണ പൊളിച്ച് വെള്ളം ഒഴുക്കിക്കളയാന്‍ ഏപ്രില്‍ 10ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനു വേണ്ടിയാണു തടയണ നിര്‍മ്മിച്ചത്.