ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 26ന് ചര്‍ച്ച വിളിക്കാമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുപരിഹരിക്കാമെന്നും മന്ത്രി വാഗ്ദാനം ചെയ്തതിനാലാണ് പണിമുടക്ക് മാറ്റിവച്ചതെന്നു കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു.
എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്സികള്‍ പതിനഞ്ച് വര്‍ഷത്തെ ടാക്സ് ഒന്നിച്ചടക്കുക,ഓട്ടോറിക്ഷകള്‍ക്കു മീറ്റര്‍ സീല്‍ ചെയ്യാന്‍ ഒരു ദിവസം വൈകിയാലും രണ്ടായിരം രൂപ പിഴ ഈടാക്കുക തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയായിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്
ഓട്ടോറിക്ഷ ഒഴികയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജി.പി.എസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ജി.പി.എസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമാണെന്നാണ് മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ വാദം.
ജൂണ്‍ മാസം ഒന്നാംതിയ്യതി മുതലാണ് പൊതുഗതാഗത വാഹനങ്ങളിലെല്ലാം ജിപിഎസ് നിര്‍ബന്ധമാക്കിയത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.