ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസ് ; അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റം റദ്ദാക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദുചെയ്തു . കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായിട്ടാണ് പുതിയ നിയമനം. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡന കേസിന്റെ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്നും ഇടുക്കിയിലേക്ക് മാറ്റുകയായിരുന്നു .

തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു നിയമനം. ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധമറിയിച്ച് കന്യാ സ്ത്രീകളടക്കം രംഗത്തുവന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍ നിന്നു തന്നെ മാറ്റിയതിനു പിന്നില്‍ ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു . ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുര്‍ബലപ്പെടുത്താനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എസ് ഒ എസ് ആരോപിച്ചു.