പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ രാവിലെ പത്തിനാണു കൂടിക്കാഴ്ച ആരംഭിച്ചത്. മോദി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണു പിണറായി മോദിയെ കാണുന്നത്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി പങ്കെടുത്തിരുന്നില്ല.
സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തും. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.
സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ സ്തംഭിച്ചസാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. മന്ത്രി ജി.സുധാകരന്, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കാനിടയുണ്ട്.ഇന്ന് ഉച്ചയ്ക്ക് 12നാണു ചര്‍ച്ച.