സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം; അജാസ്

വള്ളിക്കുന്നത്ത് വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് സൗമ്യയെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി.

ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.