മലപ്പുറം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു തമിഴ് യുവതിയാണ് പരാതിക്കാരി. സംഭവത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫ്(39) പിടിയിലായി. ഇയാള്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. ഇതേത്തുടര്‍ന്നു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിനു കൈമാറിയത്. ബസ് മലപ്പുറം തേഞ്ഞിപ്പലം പോലീസ് പിടിച്ചെടുത്തു.
നേരത്തെ കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ വന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായിരിക്കുന്നത്.യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ എല്ലാ പ്രതികളേയും റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.