ലോകത്ത് ശുദ്ധമായ കുടിവെള്ളം കിട്ടാത്ത 220 കോടി ജനങ്ങള്‍ ഉണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Volunteers distribute bottled water to help combat the effects of the crisis when the city's drinking water became contaminated with dangerously high levels of lead in Flint, Michigan, March 5, 2016. REUTERS/Jim Young

ന്യൂയോര്‍ക്ക്: ശുദ്ധമായ കുടിവെള്ളം കിട്ടാതെ ലോകത്ത് 220 കോടി ജനങ്ങള്‍ ജീവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ.) യൂണിസെഫും ചേര്‍ന്നു നടത്തിയ പഠനത്തില്‍ 300 കോടിയാളുകള്‍ക്ക് ഏറ്റവും അടിസ്ഥാനമായ കൈകഴുകാനുള്ള സൗകര്യം പോലും ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. കൂടാതെ 420 കോടിയോളം പേര്‍ക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല. 2000 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലയിലുണ്ടായ വികസനത്തെക്കുറിച്ചും ഈ മേഖലകളിലെ അസമത്വം സംബന്ധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അടിസ്ഥാന സൗകര്യ വിതരണത്തില്‍ വലിയ അസമത്വമാണ് ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളതെന്ന് യൂണിസെഫിന്റെ ഡബ്ല്യു.എ.എസ്.എച്ച്. വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ കെല്ലി ആന്‍ നെയ്ലര്‍ പറഞ്ഞു. ദരിദ്ര കുടുംബങ്ങളിലുള്ളവര്‍ക്കും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും നെയ്ലര്‍ ആവശ്യപ്പെട്ടു.

തുറസ്സായ പ്രദേശത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവരുടെ എണ്ണം രണ്ടായിരത്തില്‍ 21 ശതമാനമായിരുന്നെങ്കില്‍ 2017 എത്തിയപ്പോഴേക്കും ഒന്‍പതു ശതമാനമെത്തി. ലോകത്താകമാനം 6.73 കോടിയാളുകളാണ് നിലവില്‍ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നത്. അതേസമയം, വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തില്‍ ഓരോവര്‍ഷവും അഞ്ചുവയസ്സിന് താഴെയുള്ള 2,97,000 കുട്ടികളാണ് മരിക്കുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ മൂലമാണ് ഏറ്റവുമധികം പേര്‍ മരിക്കുന്നത്.