ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജി വച്ചു. കാലാവധി തീരാന്‍ ആറുമാസം കൂടെ ബാക്കിനില്‍ക്കെയാണ് രാജി. 2017-ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാള്‍ ആചാര്യയെ നിയമിച്ചത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ആര്‍ബിഐയില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉന്നത സ്ഥാനീയനാണ് വിരാല്‍ ആചാര്യ. കഴിഞ്ഞ ഡിസംബറിലാണ് അന്നത്തെ അര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ ആചാര്യയും രാജിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. അതിനു ശേഷം ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി.

രാജ്യത്തിന്റെ ജിഡിപിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്. കേന്ദ്ര ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിരാള്‍ ആചാര്യ രാജിവച്ചത്.