ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി ഇന്ന്

ലൈംഗിക പീഡനക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട ബിനോയി കോടിയേരിയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെക്ഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക് ഹര്‍ജി പരിഗണിക്കുക. അതേസമയം ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പരാതിക്കാരുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ല്‍ മുബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. യുവതി നല്‍കിയ പരാതിയില്‍ അവരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായക തെളിവാണ്. 2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേര്‍ത്ത് തന്റെ പേരു പരിഷ്‌കരിച്ചിരുന്നു. കൂടാതെ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങള്‍ അയച്ചതിന്റെ രേഖകളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

കേസില്‍ യുവതിയുടെ പരാതിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ മാനഭംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.
2009 മുതല്‍ 2015 വരെ ബിനോയ്‌ക്കൊപ്പം ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോള്‍ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ അശോക് ഗുപ്ത വാദിച്ചത്. അതേസമയം വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുള്ളതിനാല്‍ കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്. കോടതി ഉത്തരവിന് ശേഷമാകും കേസില്‍ തുടര്‍ നടപടി സ്വീകരിക്കുക എന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്.