പ്രശസ്ത സംവിധായകന് ബാബു നാരായണന് (59) അന്തരിച്ചു. ശനിയാഴ്ച രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംവിധായകന് അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.സംവിധായകന് ഹരിഹരന്റെ സഹായി ആയാണ് സിനിമയിലെ ഇദ്ദേഹത്തിന്റെ തുടക്കം.
മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്, പട്ടാഭിഷേകം, അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന് തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2004ല്‍ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍നിന്ന് വിട്ടുനിന്നു. 2013ല്‍ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്ത അനഘയായിരുന്നു ആദ്യ ചിത്രം.
പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആര്.എസ്. ബാബുവിന്റെതായെത്തി. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേര്‍ന്നത്. 1992ല്‍ മാന്ത്രികചെപ്പിലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനില്‍ബാബുമാര്‍. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു.സ്ത്രീധനം, ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ്, കുടുംബവിശേഷം, വെല്‍കം ടു കൊടൈക്കനാല്‍, മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന് തുടങ്ങി 2005ല്‍ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.
മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോത്സവവും കുഞ്ചാക്കോ ബോബന്റെ മയില്‍പ്പീലിക്കാവും ഇക്കൂട്ടത്തില്‍പ്പെടും. ഇവയില്‍ ഭൂരിപക്ഷവും ഹിറ്റുകളായിരുന്നു. 2004 ല്‍ ഇറങ്ങിയ പറയാം എന്ന ചിത്രം ആയിരുന്നു ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം .