ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശുദ്ധജല തടാകം കണ്ടെത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. പോറസ് വിഭാഗത്തില്‍ പെടുന്ന പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ശുദ്ധജലശേഖരം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി സമുദ്രത്തിനടിയില്‍ ശുദ്ധജല ശേഖരം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
1970 മുതല്‍ സമുദ്രാന്തര്‍ഭാഗത്തെ സമുദ്രാന്തര്‍ഭാഗത്തെ തടാകം സംബന്ധിച്ച പഠനങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ 2015 ലാണ് ശുദ്ധജല തടാകത്തെ സംബന്ധിച്ച പഠനം തുടങ്ങുന്നത്. കൊളംമ്പിയ സര്‍വകലശാലയിലെ സമുദ്ര ഭൗമ ഗവേഷകന്‍ ക്ലോ ഗസ്റ്റാഫ്‌സണെയും സംഘവുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ന്യൂജേഴ്‌സിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് എന്ന ദ്വീപില്‍ നിന്നാണ് ഗവേഷണമാരംഭിച്ചത്. മാര്‍ക്കസ് ജി ലാങ്‌സേത്ത് എന്ന കപ്പല്‍ ആയിരുന്നു ഈ ഗവേഷണത്തിന്റെ കേന്ദ്രം. കപ്പലിലെ ഇലക്ട്രോ മാഗ്‌നറ്റിക് റിസീവര്‍ ഉപയോഗിച്ചാണ് ഗവേഷണം മുന്നോട്ട് പോയത്. കടലിന്റെ ആഴത്തില്‍ നിന്നുള്ള ഭൗമധാതുക്കള്‍ ശേഖരിച്ച് അവയ്ക്ക് ശുദ്ധജലവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ശാസ്ത്രീയമായി പരീക്ഷണം നടത്തി. ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സംഘം ഇപ്പോള്‍ ഈ തടാകത്തിന്റെ നീളവും പരപ്പും കണ്ടെത്താനുള്ള ശ്രമത്തിലാണ്.