സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സഹകരിക്കുമെന്ന് മാനേജ്‌മെന്റുകള്‍

എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ യോഗത്തിലാണ് മാനേജ്‌നെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തീരുമാനം അറിയിച്ചത്. നിലവിലെ ഫീസ് ഘടനയില്‍ പ്രവേശനം പൂര്‍ത്തിയാക്കുകയും ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം വരെ കോടതിയെ സമീപിക്കില്ലെന്നും അറിയിച്ചു.

ഫീസ് നിര്‍ണയ സമിതിയാണ് ഫീസ് എത്രയെന്ന് തീരുമാനിക്കുന്നത്. എട്ടു ലക്ഷം രൂപയെങ്കിലും ഫീസായി വേണമെന്നാണ് 18 കോളേജുകള്‍ അടങ്ങുന്ന കൂട്ടായ്മ സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വാദിച്ചു. ഫീസ് നിര്‍ണയത്തിനായി നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയോട് 20 ശതമാനം വര്‍ധനയാണ് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാതിരുന്നാല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.

ശനിയാഴ്ച ആരംഭിച്ച മെഡിക്കല്‍ പ്രവേശന നടപടികളില്‍ എട്ടു ലക്ഷത്തോളം ഓപ്ഷനുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ട പഠനം, ഗ്രാമീണ ഡിസ്‌പെന്‍സറി സേവനം ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പു നല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് 50 ശതമാനം സീറ്റുകളാണ് വിട്ടു നല്‍കുന്നത്.