അമ്മയ്ക്ക് മുന്നിൽ വിദ്യാർത്ഥിയെ വെട്ടിവീഴ്ത്തി കഞ്ചാവ് മാഫിയ

പൊലീസില്‍ വിവരം നല്‍കിയതിന്റെ പേരില്‍ കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ ക്രൂരമായി വെട്ടി പരിക്കേള്‍പ്പിച്ചു. അമ്മയുടെ മുന്‍പില്‍ വച്ചാണ് പതിനഞ്ചിലധികം വരുന്ന സംഘം ആക്രമണം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈകളിലും ഇടത് കാലിനുമായി വടിവാളുകൊണ്ട് നാല് വെട്ടേറ്റിട്ടുണ്ട്. ആഴത്തിലുള്ള അഞ്ച് മുറിവുകള്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലുള്ളത്.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ മൂത്ത സഹോദരനെ തേടി വീട്ടിലെത്തിയ സംഘമാണ് പതിനേഴുകാരനായ സഹോദരനെ വെട്ടി പരിക്കേള്‍പ്പിക്കുന്നത്. കായംകുളം പൊലീസ് എത്തിയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. കായംകുളത്തിന്റെ മിക്ക പ്രദേശങ്ങളിലും ഗുണ്ടാസംഘത്തിന്റെ വിളയാട്ടമാണെന്നും പൊലീസിന്റെ ഭാഗത്തു നിന്നും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.