ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപം കുടിയേറ്റക്കാരുടെ താമസ കേന്ദ്രത്തിനു നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു. 80 പേര്‍ക്കു പരുക്കേറ്റു. ഖലീഫ ഹിഫ്തെര്‍ നേതൃത്വം നല്കുന്ന ലിബിയന്‍ നാഷനല്‍ ആര്‍മിയാണ് (എല്‍എന്‍എ) ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ലിബിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈന്യവും ലിബിയന്‍ നാഷനല്‍ ആര്‍മിയും തമ്മില്‍ ട്രിപ്പോളിയുടെ നിയന്ത്രണത്തിനായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് ഈ വ്യോമാക്രമണം.
പട്ടിണിയും യുദ്ധവും മൂലം ബുദ്ധിമുട്ടുന്ന ആഫ്രിക്കന്‍ വംശജര്‍ ഇറ്റലിയിലേക്കു കുടിയേറാനായി ലിബിയയില്‍ നിന്നാണു സാധാരണ ബോട്ടുകയറുന്നത്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ ലിബിയയിലെ തീരദേശ സേന ഇവരെ പിടികൂടി ഇത്തരം പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയാണു ചെയ്യുന്നത്. ഈ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു വ്യോമാക്രമണം. 6000 അനധികൃത കുടിയേറ്റക്കാര്‍ ലിബിയയിലെ വിവിധ പുനരധിവാസ കേന്ദ്രങ്ങളിലുണ്ടെന്നും ഇവര്‍ക്കു ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ലെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.