നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്.ഐ സാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റാണ് സാബുവിനെ റിമാന്‍ഡ് ചെയ്തത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സാബു. ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് സാബുവിന്റെ മൊഴിയെടുത്തത്.
മരണപ്പെടുന്ന സമയത്ത് രാജ്കുമാറിന്റെ ശരീരത്തില്‍ 14 പരിക്കുകളും 8 ചതവുകളും ഉണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12ന് വൈകിട്ട് പിടിയിലായ രാജ്കുമാറിനെ 15ന് അര്‍ധരാത്രി വരെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്.
കേസിലെ ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികളാണ് കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്തതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഡ്രൈവര്‍ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ച് എസ്.ഐ സാബുവിന്റെ സാന്നിദ്ധ്യത്തില്‍ രാജ്കുമാറിനെ മര്‍ദിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സാബുവിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈകാതെ തന്നെ സാബുവിനെ ജനറല്‍ മെഡിസിന് വിഭാഗത്തിലേക്ക് മാറ്റുകയും കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്യും.