പാർലമെന്റിൽ വ്യാഴാഴ്ച സമർപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ട് അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയിലേക്കുള്ള രൂപരേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സുരക്ഷ, സാങ്കേതിക വിദ്യ, ഉൗർജസംരക്ഷണം തുടങ്ങിയവയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലൂടെ മനസിലാക്കാമെന്നും മോദി പറഞ്ഞു.
2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കിൽ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥ എട്ട് ശതമാനം നിരക്കിൽ വളർന്നാൽ മാത്രമേ 2025ൽ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നൽകേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കണമെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.