മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്നത് ഞണ്ടുകള്‍ മൂലമെന്ന് മന്ത്രി

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ തിവാരി അണക്കെട്ടിന് പൊട്ടലുണ്ടാവാന്‍ കാരണം ഡാമിലെ ഞണ്ടുകളാണെന്ന് ജലസേചനമന്ത്രി തനാജി സാവത്ത്. നേരത്തെ ചോര്‍ച്ച ഇല്ലാതിരുന്ന അണക്കെട്ടില്‍ ഒട്ടനവധി ഞണ്ടുകള്‍ ഉണ്ടെന്നും ഇവയാണ് ചോര്‍ച്ചക്ക് കാരണമായതെന്ന് ജലസേചനമന്ത്രി പറഞ്ഞു. ഇക്കാര്യം സമീപവാസികള്‍ നേരത്തെ സൂചിപ്പിച്ചതു പ്രകാരം നടപടി എടുത്തിരുന്നെങ്കിലും തകര്‍ച്ച ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണം മോശമാതിനെത്തുടര്‍ന്നാണ് അണക്കെട്ട് തകര്‍ന്നതെന്ന തരത്തിലുള്ള വിവരം സമീപവാസികളില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡാമില്‍ വിള്ളല്‍ സംഭവിച്ച ഡാം അപ്രതീക്ഷിതമായി തകര്‍ന്നത് 14 പേരുടെ മരണത്തിനും 12ഓളം വീടുകള്‍ ഒലിച്ചു പോവുന്നതിനും കാരണമായിരുന്നു.