തിയറ്ററുകളിലേക്ക് എത്താനിരിക്കുന്ന അമലാപോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആടൈ. രത്‌നകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് അമല എത്തുന്നത്.

സിനിമ തന്നെ വേണ്ടെന്നു വച്ച സമയത്ത് തന്നെ തേടിയെത്തിയ ചിത്രമായിരുന്നു ആടൈ എന്ന് അമലപോള്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരുപോലെ പേടിയും അസ്വസ്ഥതയുമായിരുന്നു സിനിമ ചെയ്യുമ്പോള്‍. പതിനഞ്ചോളം ടെക്‌നീഷ്യന്‍മാരാണ് സെറ്റില്‍ ഉണ്ടായിരുന്നത്. ആടൈ സത്യസന്ധമായ ശ്രമമാണെന്നും അമലപോള്‍ പറഞ്ഞു.

സ്ത്രീ കേന്ദ്രീകൃതമായ തനിക്കു വന്ന ഒന്നും ഇഷ്ടമായില്ലെന്നും ആടൈയുടെ കഥയില്‍ താല്‍പര്യം തോന്നിയാണ് സിനിമ ചെയ്യാന്‍ തയ്യാറാവുന്നതെന്നും അമല പറഞ്ഞു. തമിഴ് സിനിമയാണെന്നു പോലും തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അമല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദമായി മാറുകയും ചെയ്തിരുന്നു. 1.36 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതുവരെ 89 ലക്ഷത്തിലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്.

#നത്തിങ് ടു ഹൈഡ് #ആടൈ എന്ന് എഴുതിയാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്‌ലറില്‍ അവതരിപ്പിക്കുന്നത്. വിജി സുബ്രമണ്യം നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രദീപ് കുമാറാണ്. ചിത്രം വി സ്റ്റുഡിയോസ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കും.