കര്‍ണാടകയിലെ പ്രതിസന്ധിക്കു കാരണം രാഹുല്‍ ഗാന്ധിയെന്ന് രാജ്‌നാഥ് സിംഗ്

 

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിലെ പ്രതിസന്ധിക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്.കര്‍ണാടക പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസിനു മറുപടിയായാണു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.പ്രശ്‌നങ്ങളില്‍ ബിജെപിക്കു പങ്കില്ലെന്നും രാജിവയ്ക്കുന്ന പ്രവണത തുടങ്ങിയതുതന്നെ രാഹുലില്‍നിന്നാണെന്നും രാജ്‌നാഥ് പറഞ്ഞു.

13 എംഎല്‍എമാരും ഒരു മന്ത്രിയും രാജിവച്ചതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാര്‍ രൂക്ഷ പ്രതിസന്ധിയിലാണ്. രാജിവച്ച മന്ത്രി എച്ച്. നാഗേഷ് ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തു. 14 പേര്‍ പോയതോടെ സര്‍ക്കാരിന് ഇപ്പോള്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. നാഗേഷ് പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ബിജെപിയുടെ നില 106 ആയി ഉയര്‍ന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ഇരുപാര്‍ട്ടികളിലും അവസാനഘട്ട ശ്രമങ്ങള്‍ തുടരുകയാണ്. മുഖ്യമന്ത്രി കുമാരസ്വാമി ഒഴികെയുള്ള ജെഡിഎസ് മന്ത്രിമാരും മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും രാജി നല്‍കി. വിമതരെകൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണു സഖ്യ സര്‍ക്കാരിന്റെ നീക്കം.