കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

 

കുമ്പളം: കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കുമ്പളം മന്നനാട്ട് വീട്ടില്‍ അര്‍ജ്ജുന്‍ (20) ആണ് കൊല്ലപ്പെട്ടത്. നെട്ടൂരിലെ ചതുപ്പില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ അര്‍ജ്ജുന്റെ സുഹൃത്തുക്കളായ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കുറ്റസമ്മതം നടത്തി എന്നാണ് വിവരം. ജൂലായ് 3 ന് ആയിരുന്നു അര്‍ജ്ജുനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. സുഹൃത്തുക്കളെ സംബന്ധിച്ചുള്ള സംശയവും പരാതിയില്‍ ഉന്നയിച്ചിരുന്നു.

അര്‍ജ്ജുന്റെ സുഹൃത്തുക്കള്‍ തന്നെയാണ് കൊലപാതകം നടത്തിയത്. സുഹൃത്തുക്കളില്‍ ഒരാളുടെ സഹോദരന്‍ കഴിഞ്ഞ വര്‍ഷം ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. അര്‍ജ്ജുനൊപ്പം യാത്ര ചെയ്യുമ്‌ബോള്‍ ആയിരുന്നു അപകടം. ഇതേ തുടര്‍ന്ന് തന്റെ സഹോദരനെ അര്‍ജ്ജുന്‍ കൊണ്ടുപോയി കൊല്ലുകയാണെന്ന് സുഹൃത്ത് മറ്റ് കൂട്ടുകാരോട് പറഞ്ഞിരുന്നു.

ഈ പകയാണ് അര്‍ജ്ജുനെ കൊല്ലുന്നതിലേക്ക് എത്തിച്ചത് എന്നാണ് വിവരം. ജൂലായ് 2 ന് രാത്രിയോടെ ആണ് അര്‍ജ്ജുനെ ഇവര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. ബൈക്കിലെ പെട്രോള്‍ തീര്‍ന്നു എന്ന് പറഞ്ഞായിരുന്നു നെട്ടൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. അവിടെ വച്ച് നാല് പേരും കൂടി അര്‍ജ്ജുനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. അതിന് ശേഷം മൃതദേഹം ചതുപ്പില്‍ കല്ലുകെട്ടി താഴത്തുകയും ചെയ്തു.കേസില്‍ പോലീസ് മറ്റ് വിവരങ്ങളും ശേഖരിച്ച് വരികയാണ്. ഫോറന്‍സിക് നടപടികള്‍ക്കും ഇന്‍ക്വസ്റ്റിനും ശേഷം ആയിരിക്കും പ്രതികളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുക.