കര്‍ണാടക പ്രതിസന്ധി; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി

 

കര്‍ണാടക: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഭൂരിപക്ഷം എംഎല്‍എമാരും ഒപ്പമുണ്ടെന്നും രാജിവെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി പറഞ്ഞു.

2008 ല്‍ സമാനമായ സാഹചര്യത്തിലൂടെ യെദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം.

നിയമസഭാ സമ്മേളനം പരമാവധി നീട്ടിവയ്ക്കാനാണ് നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. മാത്രമല്ല സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രകാരം സ്പീക്കറും വിമത എംഎല്‍എമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതില്‍ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും കുമാരസ്വാമി രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.