ഗോവ മന്ത്രി സഭയില്‍ അഴിച്ചുപണി; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

 

പനാജി: ഗോവയില്‍ പതിനഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്ത് പേരും ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ബിജെപി സഖ്യം ഭരിക്കുന്ന മന്ത്രിസഭയില്‍ അഴിച്ചുപണി. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടത്താനാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കി മന്ത്രി സഭയില്‍ അഴിച്ചു പണി നടക്കും. പുതിയതായി എത്തിയ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള നാലുപേര്‍ക്ക് കൂടെ മന്ത്രി സ്ഥാനം നല്‍കിയേക്കും.

മിഷേല്‍ ലോബോ, ബാബു കവ്ലേക്കര്‍, ബാബുഷ് മോണ്‍സ്രെട്ട, ഫിലിപ്പ് നേരി റോഡ്രിഗ്സ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ അമിത് ഷായുമായി ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരിക്കെ കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിച്ച ബിജെപി നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എന്‍ഡിഎ ഘടകകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് . ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധനത്തിന് പരാതി നല്‍കുമെന്നു കോണ്‍ഗ്രസ് നിരീക്ഷകനായ ചെല്ല കുമാര്‍ അറിയിച്ചു. എന്നാല്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും കൂറുമാറിയതോടെ ഈ നീക്കത്തിന് നിയമസാധുത ലഭിച്ചേക്കില്ല.