ഡല്‍ഹി : കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ചൊവ്വാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണാടക സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഭരണഘടന പരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും. സ്പീക്കറുടെയും വിമത എംഎല്‍എമാരുടെയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു കോടതി തീരുമാനം.
വിമത എംഎല്‍എമാര്‍ നേരിട്ടെത്തി ഹാജരായി രാജിക്കത്ത് നല്‍കിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെ വിമര്‍ശിച്ച സുപ്രീംകോടതി, കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ സ്പീക്കറെന്നും ആദ്യഘട്ടത്തില്‍ ചോദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.