പഞ്ചാബ് മന്ത്രി സഭയില്‍ നിന്നും നവ്‌ജ്യോത് സിങ് സിദ്ദു രാജി വച്ചു

പഞ്ചാബ്: നവ്‌ജ്യോത് സിങ് സിദ്ദു പഞ്ചാബ് മന്ത്രി സഭയില്‍ നിന്നും രാജി വച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ഭിന്നതയുണ്ടായിരുന്ന നവ്‌ജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം തന്നെയാണ് രാജിയ്ക്കു കാരണം.

ജൂണ്‍ 10നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നതായി സിദ്ദു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറയുന്നുണ്ട്.

പഞ്ചാബില്‍ മന്ത്രിസഭ രൂപീകരിച്ചതു മുതല്‍ തന്നെ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള ഭിന്നത നിലനിന്നിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതടക്കമുള്ള തര്‍ക്കമായിരുന്നു ഉണ്ടായിരുന്നത്. പാര്‍ലമെന്റില്‍ ഉണ്ടായ കനത്ത തോല്‍വിയും ബാധിച്ചിരുന്നു.

കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ മന്ത്രി സഭായോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്ന് ഊര്‍ജവകുപ്പിലേക്ക് സിദ്ദുവിന്റെ മന്ത്രിസ്ഥാനം മാറ്റിയിരുന്നു. ഇതോടു കൂടി തര്‍ക്കം രൂക്ഷമായതിന്റെ പരിണിതമായാണ് സിദ്ദുവിന്റെ രാജി.