പ്രളയക്കെടുതി; ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 44 ആയി

 

ന്യൂഡല്‍ഹി: പ്രളയക്കെടുതി രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 44 ആയി. പ്രളയം രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസമില്‍ 15 പേരാണ് മരിച്ചത്. അസമില്‍ മാത്രം 83000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

ബീഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ 13 ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. 24 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. മരണസംഖ്യ ഇവിടെ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസം കൂടി സംസ്ഥാനങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പ്രളയക്കെടുതി രൂക്ഷമായ സംസ്ഥാനങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ ഉള്‍പ്പെടെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.