കുല്‍ഭൂഷണ്‍ ജാദവ് കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും

 

പാക്കിസ്ഥാന്‍ തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇതിനായി പാക് നിയമ വിദഗ്ധരുടെ സംഘം ഹേഗിലെത്തി. പാക് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍, വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഹേഗിലെത്തിയത്.

കുല്‍ഭൂഷണിനെതിരേ ചാരവൃത്തിയാരോപിച്ച് പാക് പട്ടാളക്കോടതി 2017 ഏപ്രിലില്‍ വധശിക്ഷ വിധിച്ച കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് വിധി വരാനിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ആണ് വിധി പുറപ്പെടുവിക്കുക. പാക് പട്ടാളക്കോടതി വിധിക്കെതിരേ 2018 മേയ് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തിരുന്നു. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കണ്‍വെന്‍ഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം.

ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറയുന്നത്. കൂല്‍ഭൂഷണ്‍ ജാദവിന്റെ മോചനം സാധ്യമാക്കുന്ന തീരുമാനം നീതിന്യായ കോടതിയില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിദേശകാര്യ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്.