കര്‍ണാടക പ്രതിസന്ധി; സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

 

ന്യൂഡല്‍ഹി: കര്‍ണാടക സഖ്യസര്‍ക്കാരില്‍ നിന്ന് 15 എംഎല്‍എമാര്‍ രാജിവച്ച സംഭവത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. വിഷയത്തില്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. എന്നാല്‍, സ്പീക്കര്‍ അനുയോജ്യമായ സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് വിധി. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ പിന്നീട് പരിഗണിക്കും. 15 വിമത എംഎല്‍എമാരുടെയും സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാറിന്റെയും ഹര്‍ജികളാണ് പരിഗണിച്ചത്.

സഭാനടപടികളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് വിമത എംഎല്‍എമാരാണ് തീരുമാനിക്കേണ്ടതന്നും വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കൂറുമാറ്റനിരോധന നിയമവുമായി ബന്ധപ്പെട്ട് സ്പീക്കര്‍മാര്‍ക്ക് സുപ്രീംകോടതി അധികാരം നല്‍കിയിട്ടുണ്ട്. അത് വിശദമായി പരിശോധിക്കേണ്ട സാഹചര്യമാണിതെന്ന് ചീഫ്ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. സ്പീക്കറുടെ അധികാരം ചോദ്യംചെയ്യാന്‍ കോടതിക്ക് ഭരണഘടനാപരമായ അധികാരം ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

അതേസമയം വിമതരുടെ രാജി ബിജെപിയില്‍ ചേരാനാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും ഹാജരായി.