നൊബേല്‍ പുരസ്‌കാര ജേതാവായ യസീദി വനിതയെ അവഹേളിച്ച് ട്രംപ്

 

വാഷിങ്ടണ്‍:സമാധാനത്തിനുള്ള നൊബേല്‍പുരസ്‌കാരം ജേതാവായ യസീദി വനിത നാദിയ മുറാദിനെ അവഹേളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐസ് ഭീകരര്‍ ഇറാഖിലെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഖിലാഫത്ത് സ്ഥാപിച്ചതിന് പിന്നാലെ യസീദികളെ കൂട്ടക്കൊല നടത്തുകയും യസീദി വനിതകളെ ലൈംഗിക അടിമകളാക്കിയതും ആ സാഹചര്യത്തില്‍ തങ്ങള്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും യു.എസ് പ്രസിഡന്റിനോട് വൈറ്റ് ഹൗസിലെത്തി വിശദീകരിക്കുകയായിരുന്നു നാദിയ മുറാദിന്റെ നേതൃത്വത്തിലുള്ള സംഘം.

താന്‍ എങ്ങനെയാണ് ലൈംഗിക അടിമയാക്കപ്പെട്ടതെന്നും തന്റെ ആറ് സഹോദരന്മാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും നാദിയ മുറാദ് ട്രംപിനോട് വിവരിച്ചു. 3000 യസീദകളെ ഇനിയും കണ്ടെത്താനുണ്ടെന്നും നാദിയ വിവരിക്കുന്നതിനിടെ നിങ്ങള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചല്ലോയെന്ന് ട്രംപ് ചോദിച്ചു. അത് വലിയ അതിശയമാണ്, എന്തിനാണ് നിങ്ങള്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയതെന്നും ട്രംപ് ചോദിച്ചു.

ഇതാണ് ഇപ്പോള്‍ വിവാദമായത്. ഇതാദ്യമായല്ല ട്രംപിന്റെ നിരുത്തരവാദപരമായ പെരുമാറ്റം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്കും ട്രംപില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു.