ടിക് ടോക്കിനും ഹെലോ ആപ്പിനും നിരോധനം വന്നേക്കും; ഐടി മന്ത്രാലയം നോട്ടീസ് അയച്ചു

 

സോഷ്യല്‍ ആപ്പുകളായ ടിക് ടോക്കിനെയും ഹെലോ ആപ്പിനെയും നിരോധിക്കാനൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം. ഇരുകമ്പനികള്‍ക്കും ഐടി മന്ത്രാലയത്തിലെ സൈബര്‍ നിയമ സുരക്ഷാ വിഭാഗം നോട്ടീസ് അയച്ചു. രാജ്യവിരുദ്ധമായ കാര്യങ്ങള്‍ക്ക് ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നിയമവിരുദ്ധ പ്രവൃത്തികള്‍ സംബന്ധിച്ചുള്ള ചോദ്യാവലിയുമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് ശരിയായ മറുപടി ലഭിച്ചില്ലെങ്കില്‍ രണ്ട് ആപ്പുകളും ഇന്ത്യയില്‍ നിരോധിക്കപ്പെടുകയോ അല്ലെങ്കില്‍ ഐടി നിയമം അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടി വരികയോ ചെയ്യും. ഉപഭോക്തൃവിവരങ്ങള്‍ അനധികൃതമായി പങ്കുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യാവലിയാണ് മന്ത്രാലയം അയച്ചത്. മറ്റ് സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വലിയ തുക ചെലവഴിച്ചുവെന്ന ആരോപണവും ആപ്പുകള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

ജൂലൈ 22 ന് മുമ്പ് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇത് പരാജയപ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവരങ്ങള്‍ ചൈനയിലേയ്ക്ക് കടത്തുന്നുണ്ടോ എന്നും മറ്റ് രാജ്യങ്ങളിലേയ്ക്കും മൂന്നാം കക്ഷികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ഭാവിയില്‍ കൈമാറുകയില്ലെന്നും ടിക് ടോക്കും ഹലോയും സര്‍ക്കാരിന് എങ്ങനെ ഉറപ്പ് നല്‍കുമെന്നും നോട്ടീസില്‍ ചോദിക്കുന്നുണ്ട്.