ഭോപാല്‍: തന്നെ ജനങ്ങള്‍ എം.പിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ഭോപാലിലെ ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് എംപിയുടെ പ്രസ്താവന.
‘അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും’- പ്രജ്ഞാ സിങ് പറഞ്ഞു. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ശുചീകരണ പദ്ധതിയായ ‘സ്വച്ഛ് ഭാരതി’ന് വലിയ പ്രോത്സാഹനം നല്‍കിവരുന്നതിനിടയിലാണ് ബിജെപി എംപിയുടെ പ്രസ്താവന.