അമ്പൂരി കൊലപാതകം; കൊലയ്ക്ക് ശേഷം ഒളിവില്‍ പോയത് കാഷ്മീരിലേക്കെന്ന് അഖില്‍

തിരുവനന്തപുരം: രാഖിമോളെ ക്രൂരമായി കൊന്ന ശേഷം താന്‍ ഒളിവില്‍ പോയത് കാഷ്മീരിലേക്കെന്ന് പ്രധാനപ്രതി അഖില്‍. ഒപ്പം ജീവിക്കണമെന്ന് രാഖി നിര്‍ബന്ധിച്ചതിനാലാണ് കൊല നടത്തിയത്. തന്നെ ഒഴിവാക്കിയാല്‍ പോലീസിനെ സമീപിക്കുമെന്നും രാഖി പറഞ്ഞു. ഇതോടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നും അഖില്‍ പോലീസിനു മൊഴി നല്‍കി.

മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു. എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും അഖില്‍ പറഞ്ഞു. സഹോദരന്‍ രാഹുലാണ് എല്ലാത്തിനും സഹായിച്ചത്. രാഖിയുടെ ഫോണും വസ്ത്രങ്ങളും ഉപേക്ഷിച്ചതും രാഹുലായിരുന്നെന്നും അഖില്‍ പോലീസിന് മൊഴി നല്‍കി.കേസിലെ ഒന്നാം പ്രതി, വാഴിച്ചല്‍ തട്ടാന്‍മുക്ക് അശ്വതിഭവനില്‍ രാജപ്പന്‍ നായരുടെ മകന്‍ മിലിട്ടറി ഉദ്യോഗസ്ഥനായ അഖിലും (25), സഹോദരന്‍ രാഹുലും (27) ശനിയാഴ്ച അറസ്റ്റിലായിരുന്നു. പ്രതികളെ ഇന്ന് കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കും.

കൊലയ്ക്കുശേഷം ഡല്‍ഹിയിലേക്കു മുങ്ങിയ അഖില്‍ ഇന്നലെ രാത്രി ഒമ്പതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. മഫ്ടിയില്‍ എത്തിയ പോലീസ് പിടികൂടിയ ശേഷം ചോദ്യം ചെയ്യാന്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് മലയിന്‍കീഴില്‍ നിന്നാണ് രണ്ടാംപ്രതി രാഹുലിനെ പിടികൂടിയത്.