തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നയില്‍ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് (40) ആണ് മരിച്ചത്. നൗഷാദ് ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ഇന്നലെ വൈകിട്ടു വെട്ടേറ്റത്. പുന്ന അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), കാവീട് സ്വദേശി ബിജേഷ്(40) എന്നിവരാണ് വെട്ടേറ്റ മറ്റുള്ളവര്‍.
ഇവരില്‍ രണ്ടു പേര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെയും ബിജേഷിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.നൗഷാദും മറ്റു മൂന്നുപേരും പുന്ന സെന്ററില്‍ നില്‍ക്കുമ്പോള്‍ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പ്രകോപനമില്ലാതെ ഇവരെ വെട്ടുകയായിരുന്നു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.