ഉന്നാവോ അപകടം; ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ കേസെടുത്തു

 

ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബിജെപി എംഎല്‍എ മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സിബിഐ കേസെടുത്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അജ്ഞാതരായ മറ്റൊരു 20 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ക്രിമനല്‍ ഗൂഡാലോചന, കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

കേസ് സിബിഐക്ക് വിട്ട് ചൊവ്വാഴ്ച വൈകിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയും ഗുരുതര വീഴ്ചയും ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രതിഷേധവുമുണ്ടായതോടെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായത്. കേസ് സിബിഐക്ക് വിടണ മെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

വാഹനാപകടം തന്റെ കുടുംബത്തെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും ആരോപിച്ചിരുന്നു. ഞായറാഴ്ചയാണ് റായ്ബറേലിയില്‍ വച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. അപകടത്തില്‍പ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. ജയിലില്‍ക്കഴിയുന്ന അമ്മാവനെ സന്ദര്‍ശിക്കാനാണ് പെണ്‍കുട്ടിയും കുടുംബവും റായ്ബറേലിയിലേക്കു പോയത്.