റെയില്‍വേ കൂടുതല്‍ സ്റ്റേഷനുകള്‍ സ്വകാര്യവത്കരിക്കുന്നു

due to Kerala rain, delay in railway

 

മലപ്പുറം: ഇന്ത്യന്‍ റെയില്‍വേ 50 സ്റ്റേഷനുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകള്‍ ഇതില്‍പെടും. 50 സ്റ്റേഷനുകളിലുംകൂടി 7500 കോടി രൂപയുടെ വികസനപ്രവര്‍ത്തനം സ്വകാര്യ പങ്കാളിത്തത്തോടെ കൊണ്ടുവരുമെന്നാണ് റെയില്‍വേയുടെ അവകാശവാദം.

ഇതിന് സ്റ്റേഷനുകളുടെ അധീനത്തിലുള്ള ഭൂമി ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്‍കും. സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ കരാറെടുത്ത കമ്പനികള്‍ക്ക് തീരുമാനിക്കാം. സൗജന്യ സേവനങ്ങളെല്ലാം നിര്‍ത്തും. രാജ്യത്തെ എ വണ്‍, എ ക്ലാസ് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. കോഴിക്കോട്, ചെന്നൈ സെന്‍ട്രല്‍ എന്നിവയുള്‍പ്പെടെ 23 സ്റ്റേഷനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നുത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോഴിക്കോട് സ്റ്റേഷന്‍ കൈമാറ്റം മാറ്റിവച്ചു. രാജ്യത്തെ 400 സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരണ പട്ടികയിലുണ്ട്.

മോഡി സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ട്രെയിനുകളും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നുണ്ട്. ആദ്യപടിയായി രണ്ട് ട്രെയിന്‍ ഐആര്‍സിടിസിക്ക് നല്‍കും. ഇതില്‍ ലക്നോ–ഡല്‍ഹി തേജസ് എക്സ്പ്രസ് കഴിഞ്ഞദിവസം കൈമാറി. രണ്ടാമത്തെ റൂട്ടില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഐആര്‍സിസിടിസി പിന്നീട് ഈ റൂട്ടുകള്‍ ലേലംചെയ്ത് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കും. ജീവനക്കാരുടെ എതിര്‍പ്പിന്റെ ശക്തി കുറയ്ക്കാനാണ് റെയില്‍വേയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഐആര്‍സിടിസിയെ ആദ്യം ഏല്‍പ്പിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയായി ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള നടപടികളും റെയില്‍വേ തുടങ്ങി.