മ്യൂനിച്ച്: ഇന്ന് എല്ലാവര്‍ക്കുമിടയിലും സുപരിചിതമായ ഒന്നാണ് ടാറ്റൂ. ഓരോരുത്തരുടേയും ഇഷ്ടങ്ങള്‍ അനുസരിച്ച പല വ്യത്യസ്ഥ തരത്തിലുള്ള ടാറ്റൂകളാണ് ഓരോരുത്തരും ചെയ്യുന്നത്. എന്നാൽ ടാറ്റൂ ചെയ്യുന്നതിലൂടെ ആരോഗ്യപരമായ മാറ്റങ്ങളെ കണ്ടുപിടിക്കാനുള്ള ഉപാധിയാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ശരീരത്തിലെ രക്തത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ മനസ്സിലാക്കുന്നതിന് ഒരു പ്രത്യകതരം ദ്രാവകം ഉപയോഗിച്ച് ടാറ്റൂ ചെയ്യാനുള്ള വഴിയാണ് മ്യൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യ ശരീരത്തിലെ മെറ്റബോളിക് സിസ്റ്റവുമായി പ്രതികരിക്കാന്‍ കഴിവുള്ള പലതരം വര്‍ണ്ണവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് ടാറ്റൂ ചെയ്യാന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ദ്രാവകം.
ടാറ്റൂവിന്റെ നിറം മാറ്റം ഒരു ആപ്പിന്റെ സഹായത്തോടെയാണ് നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന് പിഎച്ച് ലെവല്‍ കൂടുമ്പോള്‍ ടാറ്റൂവിന്റെ നിറം മഞ്ഞയില്‍ നിന്നും നീലനിറത്തിലേക്കും ഗ്ലൂക്കോസ് ലെവല്‍ കൂടുമ്പോള്‍ നിറം ഇളം പച്ചയില്‍ നിന്നും കടും പച്ചയിലേക്കും മാറുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരമൊരു സാങ്കേതിക വിദ്യയിലൂടെ ഏറ്റവും കുറഞ്ഞ ചിലവില്‍ തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്താനാവും എന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.