ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതുസംബന്ധിച്ച് നിര്‍ണായക ബില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ബില്ലില്‍ ഒപ്പുവച്ചത്.
ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവ 3 സുപ്രധാന കാര്യങ്ങളാണ് അമിത് ഷാ അവതരിപ്പിച്ചത്.
കശ്മീരിന് പ്രത്യേകാധികാരം നല്കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. സ്കൂളുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്കി. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.