വടക്കുകിഴക്കന്‍ ഗ്രീസിലെ ചാല്‍സിഡൈസ് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന പര്‍വ്വതമാണ് മൗണ്ട് ആഥോസ്. ആയിരം വര്‍ഷമായി സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പര്‍വ്വതനിരയായി മൗണ്ട് ആഥോസ് ഇന്നും നിലനില്ക്കുന്നു എന്നതാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗ്രീക്ക് പുരാണത്തിലെ രാക്ഷസന്റെ പേരാണ് അഥോസ്. ഒളിമ്പസ് പര്‍വ്വതനിരകളിലെ ഗ്രീക്ക് ദൈവങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ പോസീഡനുനേരെ ആഥോസ് വലിയ പാറ എടുത്തെറിയുകയും അത് ഈജിയന്‍ കടല്‍ത്തീരത്ത് വന്ന് പതിച്ച് മൗണ്ട് ആഥോസ് രൂപം കൊണ്ടു എന്നുമാണ് ഐതിഹ്യം. ഗ്രീസിന്റെ സ്വയംഭരണപ്രദേശമാണ് മൗണ്ട് ആഥോസ്. ഓട്ടണോമസ് മൊണാസ്റ്റിക് സ്റ്റേറ്റ് ഓഫ് ദി ഹോളി മൗണ്ടന്‍ എന്നാണ് ഈ സ്വയംഭരണപ്രദേശം അറിയപ്പെടുന്നത്. പ്രാചീനകാലത്ത് ഇത് മൗണ്ട് ആക്ടെ എന്നും അറിയപ്പെട്ടിരുന്നു. ക്രിസ്തുമതത്തിലെ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട സന്യാസികളുടെ 20 ആശ്രമങ്ങളും അവയുടെ അനുബന്ധ ഉദ്യോഗസ്ഥന്മാരും തൊഴിലാളികളും താമസിക്കുന്ന ഭവനങ്ങളും മാത്രമാണ് ഇവിടെയുള്ളത്. ആശ്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ആണ്.
ചുവര്‍ചിത്രങ്ങളും തിളങ്ങുന്ന ഹസ്തലിഖിതങ്ങളും ചിത്രതുന്നലുകളും ബിംബങ്ങളും സ്വര്‍ണ്ണനിറത്താല്‍ ആവരണം ചെയ്തപ്പെട്ട പ്രതിമകളും കൂടി ചേര്‍ന്ന് പ്രകൃതിദത്തമായ സൗന്ദര്യത്താല്‍ തലയുയര്‍ത്തി നില്ക്കുന്ന മൗണ്ട് ആഥോസ് പര്‍വ്വതനിര പക്ഷേ സ്ത്രീകളെ മാത്രം സ്വീകരിക്കുന്നില്ല. മനോഹരമായ മെഡിറ്ററെനിയന്‍ വനങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്ന മൗണ്ട് ആഥോസ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി ഒരു ചരിത്ര സ്മാരകം എന്ന നിലയില്‍ കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. പ്രതിദിനം ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളായ 100 പുരുഷന്മാര്ക്കും മറ്റു പത്ത് പുരുഷന്മാര്ക്കും ആണ് പ്രവേശനം അനുവദിക്കുക. മൂന്നു ദിവസം അവിടെ തങ്ങി തീര്‍ഥാടനം നിര്‍വഹിച്ചു കാഴ്ച്ച്സകള് കണ്ടു മടങ്ങാവുന്ന വിധത്തില്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഹോട്ടലുകളോ കടകളോ ഒന്നുമില്ലാത്ത പ്രദേശം ആധുനിക സൗകര്യങ്ങള്‍ക്കൊന്നും കീഴ്പ്പെട്ടിട്ടില്ല. ബൈസാന്റിയം സിവിലൈസേഷന്റെ കലവറയാണ് അഥോസ്. ബൈസാന്റിയം സമ്രാജ്യത്തെ നിധി പോലെ കാത്തുസൂക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നവരാണ് അവിടുത്തെ സന്യാസി സമൂഹം. ആഴത്തിലുള്ള അറിവും വ്രതശുദ്ധിയും വര്‍ഷങ്ങള്‍ക്കൊണ്ട് നേടിയെടുത്ത സന്യാസ ജീവിതശൈലിയും കൊണ്ട് അവര്‍ ഏറെ വ്യത്യസ്തരാണ്. ദിവസവും 6 മണിക്കൂറാണ് പ്രാര്‍ത്ഥന. രണ്ട് നേരം മാത്രമാണ് ആഹാരം കഴിക്കുക. 15 മിനിറ്റില്‍ കൂടുതല്‍ ആഹാരം കഴിക്കാന്‍ സമയം ചെലവഴിക്കില്ല. പഴങ്ങള്‍, ഒലിവ് ഇലകള്‍, റെഡ് വൈന്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങള്‍. അഥോസിനെ കീഴടക്കാന്‍ റഷ്യ പലതവണ ശ്രമിച്ചിട്ടും അഥോസ് ഗ്രീസിലെ ഏകാധിപത്യ രാജ്യമായി തന്നെ നിലകൊണ്ടു.
വിശുദ്ധ പര്‍വ്വതമായി അറിയപ്പെടുന്ന മൗണ്ട് ആഥോസ് കണ്ടെത്തിയിട്ട് എതാണ്ട് ആയിരം വര്‍ഷങ്ങള്‍ പിന്നിടുന്നു. ബ്രഹ്മചര്യം നിലനില്‍ക്കുന്നതിനാല്‍ എന്നുപറഞ്ഞാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ളത്. സന്യാസികളുടെ ബ്രഹ്മചര്യം ഉറപ്പാക്കാനാണ് സ്ത്രീകളെ പൂര്‍ണമായി മൗണ്ട് ആഥോസില്‍ നിന്നു വിലക്കിയിരിക്കുന്നത്. സ്ത്രീലിംഗത്തില്പ്പെടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് പോലും ഇവിടെ വിലക്കാണ്. ദ്വീപിന്റെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ സ്ത്രീ പ്രവേശിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇതിന് പിന്നിലായി ഒരു ക്രിസ്തീയ വിശ്വാസം കൂടി നിലനില്‍ക്കുന്നുണ്ട്. ക്രിസ്തുവിന്റെ അമ്മയായ മറിയം സൈപ്രസിലേക്കുള്ള യാത്രയ്ക്കിടെ മൗണ്ട് ആഥോസില്‍ വരികയും സ്ഥലത്തിന്റെ ഭംഗിയില്‍ ആകൃഷ്ടയാവുകയും അതു തനിക്കു തരണമെന്ന് മകനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അമ്മയുടെ ആവശ്യം മകന് അംഗീകരിച്ചു. അന്നു മുതല്‍ ദൈവമാതാവിന്റെ പൂന്തോട്ടം എന്നാണ് മൗണ്ട് ആഥോസ് അറിയപ്പെടുന്നത്. മറിയം മാത്രമേ സ്ത്രീയായി മൗണ്ട് ആഥോസില്‍ പ്രവേശിച്ചിട്ടുള്ളു എന്നതാണ് വിശ്വാസം.
പൂച്ചകളെ മാത്രം പരമ്പരാഗതമായി അനുവദിക്കുന്നുണ്ട് മൗണ്ട് അഥോസില്. ധാരാളം എലികളുള്ളതിനാല്‍ പൂച്ചകള്‍ ആശ്രമങ്ങളില്‍ ആവശ്യമാണ്. അതിനാല്‍ പൂച്ചകളുടെ കാര്യത്തില്‍ മാത്രം ലിംഗവ്യത്യാസം കാണിക്കുന്നില്ല. വന്യമൃഗങ്ങളെ നിയന്ത്രിക്കാനാകാത്തതിനാല്‍ അവിടെയും ലിംഗവ്യത്യാസം പ്രശ്നമല്ല. താടി വളര്‍ത്തിയ പുരുഷന്മാരല്ലാതെ ഷണ്ഡന്മാരെയും പണ്ട് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സന്ദര്‍ശകരായ ആണ്‍ക്കുട്ടികള്‍ക്ക് സന്യാസിമാര്‍ പ്രവേശനം നല്‍കുന്നുണ്ട്. ഗ്രീക്ക് ആഭ്യന്തര യുദ്ധസമയത്ത് കര്‍ഷകരുടെ കന്നുകാലികള്‍ക്ക് മൗണ്ട് ആഥോസില്‍ പ്രവേശനം നല്‍കിയിരുന്നു. ആ സമയത്ത് പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മൃഗങ്ങളെ പിന്തുടര്ന്ന് അഥോസിലെത്തുകയും അധികൃതര്‍ യുദ്ധസമയമായതിനാല്‍ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല എന്നതുമാണ് ചരിത്രം. 2008ല്‍ യുക്രെയ്ന് മനുഷ്യക്കടത്തുകാര്‍ നാല് മോള്‍ഡോവന്‍ വനിതകളെ മൗണ്ട് ആഥോസില്‍ ഇറക്കിയിട്ടുപോയിരുന്നു. എന്നാല്‍ ഇവര്‍ക്ക് സന്യാസികള്‍ മാപ്പുനല്കി. 1953ലാണ് പുരുഷവേഷത്തില്‍ മരിയ പൊയ്മെനിഡോ എന്ന ഗ്രീക്ക് വനിത മൂന്നു ദിവസത്തേക്ക് മൗണ്ട് ആഥോസ് സന്ദര്‍ശിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ സ്ത്രീകളെ വിലക്കി ഗ്രീസിന് നിയമം പാസാക്കേണ്ടിവന്നു. ഒരു വര്‍ഷം വരെ തടവാണ് ഇവിടെ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ.
പൊതുവെ ഓര്‍ത്ത്ഡോക്സ് ക്രിസ്ത്യന്‍ വിഭാഗവുമായി ബന്ധപ്പെട്ട മൗണ്ട് അഥോസ് ആശ്രമ സമ്പ്രദായങ്ങളെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സന്യാസിമഠങ്ങള്‍ പരിരക്ഷിക്കുന്നതും ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ്. 12 ശതാബ്ദങ്ങളായി എഴുതിവച്ചിരിക്കുന്ന ചരിത്രത്തിന്റെ അവശേഷിപ്പുകളാണ് ഇപ്പോഴും മൗണ്ട് അഥോസ് നിലനിര്‍ത്തുന്നത്. തിരുശേഷിപ്പുകളിലൂടെയും വിഗ്രഹങ്ങളിലൂടെയും കിട്ടുന്ന ചരിത്രപരമായ പവിത്രതയും ഏകാന്ത ജീവിതത്തിലൂടെ കിട്ടുന്ന വിശുദ്ധ ജീവിതവും ആഗ്രഹിക്കുന്നവര്‍ക്ക് മൗണ്ട് അഥോസ് എന്നും ഒരു സ്വര്‍ഗ നഗരമാണ്. എന്നാല്‍ ആ സ്വര്ഗനഗരത്തെ ആസ്വദിക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്. മനുഷ്യന്റെ അനുവാദമില്ലാതെ ഒരു ജീവജാലങ്ങളെപ്പോലും കടത്തിവിടില്ല എന്ന നികൃഷ്ടമായ അനാചാരം നിലനിര്‍ത്തുന്ന ആഥോസ് അന്ധമായ മതവിശ്വാസത്തിന്റെ പിടിയിലാണ്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള നിയമം ഇല്ലാതാക്കുക എന്നതാണ് അഥോസിലെ നിലനില്‍ക്കുന്ന സാമൂഹ്യസ്ഥിതിയെ മാറ്റിയെടുക്കുവാനുള്ള ഏക മാര്‍ഗം.