ന്യൂഡല്‍ഹി: ട്രെയ്‌നുകളുടെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള റെയില്‍വേയുടെ നടപടികളുടെ ഭാഗമായി ആദ്യഘട്ടമെന്നോണം ഡല്‍ഹി- മുംബൈ, ഡല്‍ഹി- ഹൗറ എന്നിവയുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. 2023 ആവുമ്പോഴേക്കും ഈ രണ്ടു റൂട്ടുകളിലേയും പദ്ധതികള്‍ പൂര്‍ത്തിയാവും.
റെയില്‍വേ രൂപകല്‍പ്പന നല്‍കിയ മിഷന്‍ റാഫ്ത്താര്‍ എന്ന പദ്ധതി പ്രകാരം ട്രെയ്‌നുകളുടെ വേഗം പരമാവധി 60 ശതമാനം ഉയര്‍ത്താനാണ് നീക്കം. ഇതിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും മെച്ചപ്പെടുത്താനുള്ളതിനായി ഡല്‍ഹി- മുംബൈ, ഡല്‍ഹി- ഹൗറ റൂട്ടുകള്‍ക്ക് 6806, 6685 കോടി വീതം ചിലവാണ് കണക്കാക്കുന്നത്.
ഡല്‍ഹി-മുംബൈ ട്രെയ്ന്‍ ഏഴ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. യാത്രക്ക് 1483 കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ളത് വേഗം 160 കിലോമീറ്ററായി ഉയര്‍ത്തുന്നതോടെ ഡല്‍ഹിക്കും മുംബൈക്കും ഇടയിലെ യാത്രസമയത്തില്‍ മൂന്നരമണിക്കൂറോളം കുറവുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ പുതിയ സെമി-ഹൈസ്പീഡ് ട്രെയിനുകളും ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും.
1525 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ഹൗറ റെയില്‍പാത അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ വേഗത്തില്‍ ട്രെയിനുകള്‍ ഗതാഗതം ആരംഭിക്കുന്നതോടെ ഈ റൂട്ടിലെ യാത്രാ സമയത്തില്‍ അഞ്ചുമണിക്കൂറോളം ലാഭിക്കാമെന്നും പറയുന്നു.


