അഭിനന്ദന്‍ വര്‍ത്തമാന് ഉയര്‍ന്ന സൈനിക ബഹുമതി നല്‍കിയേക്കും

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര ചക്ര സമ്മാനിച്ചേക്കും. ബാലാകോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത പൈലറ്റുമാര്‍ക്കും സൈനിക ബഹുമതി നല്‍കിയേക്കും.
പുല്‍വാമ ആക്രമണത്തിന് പ്രതികാരമായിട്ടാണ് ഫെബ്രുവരി 26 ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിനെ തുടര്‍ന്ന് നിയന്ത്രണ രേഖ മറികടക്കാന്‍ എത്തിയ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ നേരിട്ടിരുന്നു.

പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദനാണ് വെടിവെച്ചിട്ടത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ബൈസണ്‍ ജെറ്റ് മിസൈല്‍ തകര്‍ന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാന്റെ പിടിയിലാവുകയും ഇന്ത്യയുടെ നിരന്തരമായ ഇടപെടലിലൂടെ അഭിനന്ദനെ വിട്ടയക്കുകയും ചെയ്തിരുന്നു.