കാലിക്കടത്ത് നടത്തിയെന്നാരോപിച്ചു ക്ഷീര കർഷകനായ പെഹ്ലു ഖാനെ മർദിച്ചു കൊന്ന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടതിനെതിരെ കുടുംബം മേൽക്കോടതിയിലേക്ക്. 2017 ഏപ്രിൽ 1 നാണു കേസിനാസ്പദമായ സംഭവം. പെഹ്ലു ഖാനും രണ്ട് ആൺ മക്കളും ചേർന്ന് കാലിച്ചന്തയിൽ നിന്നും പശുക്കളെ വാങ്ങി വരുമ്പോഴാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്ന ജനക്കൂട്ടം ജയ്പൂർ- ഡൽഹി ഹൈ വേയിൽ ഇവരുടെ വണ്ടി തടഞ്ഞു നിർത്തുന്നത്. പിന്നീട് മൂവരെയും ഇരുമ്പു ദണ്ഡുകളും വടികളും ഉപയോഗിച്ച് മണിക്കൂറുകളോളം മർദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ പെഹ്ലു ഖാൻ ഏപ്രിൽ മൂന്നാം തിയതി മരണപ്പെട്ടു. പെഹ്ലുഖാനേയും മക്കളെയും ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അക്രമികൾ പകർത്തുകയും അവ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്തിരുന്നു.
പ്രതികൾക്കെതിരായി പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ കോടതി തെളിവായി സ്വീകരിച്ചിരുന്നില്ല. വീഡിയോ പകർത്തിയ വ്യക്തിയെ കോടതിയിൽ ഹാജരാക്കുന്നതിനും പോലീസിന് കഴിഞ്ഞില്ല. ഇത് പ്രതികൾ രക്ഷപെടുന്നതിന് കാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റതാണ് മരണ കാരണം എന്ന് പറയുന്നെങ്കിലും പെഹ്ലു ഖാൻ മരണമടഞ്ഞ ഹോസ്പിറ്റലിലെ ഡോക്ടർ മരണ കാരണമായി രേഖപ്പെടുത്തിയത് ഹൃദയാഘാതം എന്നായിരുന്നു. ഇത് കോടതി തെളിവായി സ്വീകരിക്കുകയും ചെയ്തു. ഇതും പ്രതികൾക്കനുകൂലമായി ഭവിക്കുകയുമായിരുന്നു.
ഞങ്ങൾക്കുള്ളതെല്ലാം വിറ്റു പെറുക്കിയാണ് കേസ് നട
ത്തുന്നത്. ഇതുവരെയും സർക്കാരിൽ നിന്നു ഒരു വിധത്തിലുള്ള സഹായ ധനയും കിട്ടിയിട്ടില്ല. എങ്കിലും ഇനിയും ഞങ്ങൾ തങ്ങളുടെ പിതാവിന് നീതി കിട്ടും വരെ പൊരുതും എന്ന് ആക്രമണത്തിൽ പരിക്കേറ്റ പെഹ്ലു ഖാന്റെ മകൻ ഇർഷാദ് പറയുന്നു.