1,000 പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഭുവനേശ്വറിലെ പൂരി ബീച്ചില്‍ ഗണപതിയുടെ മണല്‍ ശില്പം ഒരുക്കിയിരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒഡീഷന് സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്ശന് പട്നായിക്. പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെതിരെ സന്ദേശമുയര്‍ത്തിയാണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്.
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സൃഷ്ടിച്ച ഈ ശില്പത്തില് ‘സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് വേണ്ടെന്ന് പറയുക’, ‘നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക’ എന്നീ സന്ദേശങ്ങളാണ് എഴുതിയിരുന്നത്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രചാരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ആശയം രൂപപ്പെടുത്തിയതെന്ന് പട്നായിക് പറയുന്നു. 10 അടി ഉയരമുള്ള മണല്‍ ശില്പം 5 ടണ്‍ മണലും 1000 പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 60 ലധികം അന്താരാഷ്ട്ര സാന്‍ഡ് ശില്പ ചാമ്പ്യന്‍ഷിപ്പുകളിലും ഉത്സവങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും രാജ്യത്തിന് നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുക്കുയും ചെയ്തിട്ടുള്ള വ്യക്തിയാണ് സുദര്ശന് പട്നായിക്. സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാന സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ മിക്ക മണല്‍ സൃഷ്ടികളും.