തരിഗമിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്.
തരിഗമിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. കൂടാതെ തരിഗാമിയുടെ കുടുംബാംഗങ്ങള്‍ക്കും ഡല്‍ഹിയിലേക്ക് വരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി.പി.എം ജനറല്‍ സെക്രട്ടറി സീതീറാം യെച്ചൂരി തരിഗാമിയെ സന്ദര്‍ശിച്ചതിന് പിന്നാലെ തരിഗാമിയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യെച്ചൂരി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കൊണ്ടാണ് കോടതിയുടെ പുതിയ ഉത്തരവ്.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി ജമ്മുകാശ്മീരിലെത്തി മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ചത്. ഗുപ്കര്‍ റോഡിലെ വീട്ടിലാണ് തരിഗാമി കരുതല്‍ തടങ്കലില്‍ കഴിയുന്നത്. ജമ്മുകാശ്മീനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത സാഹചര്യത്തില്‍ ജമ്മുവില്‍ ഏര്‍പ്പെടുത്തിയ കര്‍ശനനിയന്ത്രണങ്ങളുടെ ഭാഗമായാണ് തരിഗാമി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.