ലുക്കീമിയ ബാധിച്ച 4 വയസ്സുകാരനെ മാതാപിതാക്കളുടെ പക്കല്‍ നിര്‍ത്തേണ്ടെന്ന് ഫ്‌ളോറിഡ ജഡ്ജി

ലുക്കീമിയ ബാധിച്ച 4 വയസ്സുകാരന്‍ നോവക്ക് കൃത്യമായി കീമോതെറാപ്പി നല്‍കാതെ രക്ഷിതാക്കള്‍ ബദല്‍ ചികിത്സ ചെയ്തിരുന്നു.

ലുക്കീമിയ ബാധിച്ച കുട്ടിക്ക് കീമോതെറാപ്പി നല്‍കാതെ രക്ഷിതാക്കള്‍ ബദല്‍ ചികിത്സയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ ഇനിമുതല്‍ രക്ഷിതാക്കളുടെ പക്കല്‍ നിര്‍ത്തേണ്ട എന്ന് ഫ്‌ളോറന്‍സ ജഡ്ജി വിധിച്ചു. ലുക്കീമിയ ബാധിച്ച 4 വയസ്സുകാരന്‍ നോവക്ക് കൃത്യമായി കീമോതെറാപ്പി നല്‍കാതെ രക്ഷിതാക്കള്‍ ബദല്‍ ചികിത്സ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ നോവ മെക്ആദംസിനെ രക്ഷിതാക്കളില്‍ നിന്നും മാറ്റി താമസിപ്പിച്ചിരുന്നു.

നോവയുടെ രക്ഷിതാക്കളായ ടെയ്‌ലര്‍ ബ്ലാന്‍ഡ്, ജോഷ്വാ മെക്ആദംസ് എന്നിവര്‍ കുട്ടിയെ കീമോതെറാപ്പി നല്‍കാതെ സിന്‍സിനാറ്റി, ഒഹ്യോ എന്നിവടങ്ങളിലായാണ് പല ബദല്‍ ചികിത്സകള്‍ക്ക് വിധേയനാക്കിയത്.

നോവയ്ക്ക് ഇനിമുതല്‍ സംസ്ഥാനത്തിന്റെ ആശ്രയത്തില്‍ ചികിത്സ നല്‍കുകയും വളര്‍ത്തുകയും ചെയ്യുമെന്ന് ഹില്‍സ്ബര്‍ഗ് കണ്‍ഡ്രി യൂണിഫൈഡ് കോര്‍ട്ട് ജഡ്ജി തോമസ് പാലെര്‍മോ തിങ്കളാഴ്ച വിധിച്ചു. ഒപ്പം നോവ അമ്മയുടെ അമ്മയോടൊപ്പമായിരിക്കും വളരുന്നതെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസില്‍ പ്രത്യേകം വക്കീലായി ബ്രൂക്ക് എവ്‌ലിങ്ടണെ നിയമിച്ചിട്ടുണ്ട്്. നോവയെ കാണുന്നതിനും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പ്രത്യേകം അനുമതിയോടെ രക്ഷിതാക്കള്‍ക്ക് പങ്കാളികളാവാന്‍ സാധിക്കും.

ഇതുമായി ബന്ധപ്പെട്ട കേസ് നടക്കവെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ തന്നെ നോവയുടെ അമ്മ ടെയ്‌ലര്‍ ബ്ലാന്‍ഡ് കുഞ്ഞിന്റെ കൈയിലെ ട്രിപ്പിടുന്ന സൂചി വലിച്ചെടുത്തതായി മൊഴി നല്‍കിയിരുന്നതായി ജഡ്ജി പാലെര്‍മോ പറയുന്നു.

ഏപ്രില്‍ മാസത്തിലാണ് നോവക്ക് ഗുരുതരമായ രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. അതേ മാസം തന്നെ രക്ഷിതാക്കളില്‍ നിന്നും മാറ്റിയ കുഞ്ഞിനെ സംസ്ഥാനത്തിന് കീഴില്‍ ചികിത്സയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നോവയുടെ രക്ഷിതാക്കള്‍ കീമോതെറാപ്പി ഉപേക്ഷിച്ച് കുഞ്ഞിന് ഔഷധ ഗുണമുള്ള കഞ്ചാവ്, വിറ്റാമിനുകള്‍, പഥ്യാഹാരം തുടങ്ങിയ രീതികള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നോവ ചികിത്സയിലിരിക്കുമ്പോള്‍ തന്നെ മറ്റു ബദല്‍ ചികിത്സകളെക്കുറിച്ച് രക്ഷിതാക്കള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രക്താര്‍ബുദവുമായി എത്തുന്ന കുട്ടികളില്‍ 98 ശതമാനം കുട്ടികളിലും ചികിത്സ തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മാറ്റം കണ്ടു വരാറുണ്ടെന്ന് സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിയിലെ അധികൃതര്‍ പറയുന്നു. നിലവില്‍ രക്ഷിതാക്കളില്‍ നിന്നും മാറ്റിയ ശേഷം ചികിത്സയിലാണ് നോവ.

 Content Highlights: Florida judge denies parents custody of 4-year-old Noah McAdamtreatment with leukemia.